മുംബൈ: കാറപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാർ പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിൻറെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു.
വലത് കാൽമുട്ടിലെ ലിഗമെൻറിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്കാനിൻറെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കൽ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിൻറെ ആഘാതത്തിൽ നിന്ന് താരത്തിന് പുറത്ത് വരാൻ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞു. വാഹനത്തിന്റെ ചില്ലുകൾ സ്വയം തകർത്താണ് താരത്തെ പുറത്തുവന്നതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ വ്യക്തമാക്കി.
ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇപ്പോൾ പന്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം. ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. തുടർന്ന് കാൽമുട്ടിലെ പരിക്ക് ഭേദപ്പെടുന്നതിനായി റിഷഭ് പന്തിനോട് രണ്ടാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ജനുവരി 3 മുതൽ 15 വരെയാണ് എൻസിഎയിൽ പന്തിന്റെ പരിശീലനം നിശ്ചയിച്ചിരുന്നത്. കാൽമുട്ടിന് നേരിയ പരിക്ക് കുറച്ചുനാളുകളായി പന്തിനെ അലട്ടിയിരുന്നു. താരത്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.