കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകന് മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ അംഗങ്ങളെ അതു പരിശീലിപ്പിച്ചു. മുബാറക്കിന്റെ വീട്ടില്‍നിന്ന് മഴു, വാള് തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത് ബാഡ്മിന്റന്‍ റാക്കറ്റിനുള്ളിലായിരുന്നെന്നും എന്‍ഐഎ പറയുന്നു.
എറണാകുളത്ത് വൈപ്പിന്‍ എടവനക്കാട് സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ ഇന്നലെ എന്‍.ഐ.എ നടത്തിയ റെയ്ഡിനിടെയാണ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം െചയ്യുലിനൊടുവില് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുബാറക്കിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് പത്തംഗ എന്‍.ഐ.എ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനുശേഷം വീട് വിശദമായി പരിശോധിച്ചു. മുബാറക്കിന്റെ മാതാപിതാക്കള്‍, ഭാര്യ, കുട്ടി എന്നിവരാണു വീട്ടില്‍ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടു.
മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണെന്നു നാട്ടുകാര്‍ പറയുന്നു. നിയമ ബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടില്‍ കരാട്ടെ, കുങ്ഫു പരിശീലനം നല്കുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചു.