കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി ഏതാനും മണിക്കൂറിനു ശേഷം കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടി മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്.
തുടർന്ന് ഇന്ന് രാവിലെ വീടിന് ചുറ്റുപാട് നടത്തിയ പരിശോധനയിൽ മോഷണം പോയ പെട്ടി കണ്ടെത്തി. വിവാഹ വീടിന് പിന്നിലെ ആള്‍ത്താമസമില്ലാത്ത പഴയ വീട്ടിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു പെട്ടി. പെട്ടി പൊട്ടിച്ച് പണമുള്ള കവറുകള്‍ കുറേ കൊണ്ടുപോകുകയും ബാക്കി കവറുകള്‍ ചാക്കിലാക്കി വച്ച നിലയിലുമായണ് കണ്ടെത്തിയത്. വിവാഹ വീടിനെയും പരിസര പ്രദേശത്തെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് പെട്ടി മോഷ്ടിച്ചത് എന്നാണ് അനുമാനം.
വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര്‍ വന്നിരുന്നു. അതിനാല്‍ തന്നെ നഷ്ടപ്പെട്ട പെട്ടിയില്‍ വലിയ തുക ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. എത്ര രൂപയാണ് പോയത് എന്ന് കൃത്യമായ വിവരം ഇല്ല.