കോട്ടയം: അഴിമതികളുടെ കേന്ദ്രമായി സി.പി.എം. മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതകരമാണെന്നും അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ്ട് മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും മുരളീധരന് ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി)ന് പരാതിയുടെ ആവശ്യമില്ല. അവര്‍ക്ക് വിവരശേഖരണം നടത്തി സ്വയം അന്വേഷിക്കാന്‍ കഴിയുമെന്നും മുരളീധരന് പറഞ്ഞു. ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കുമെന്നും മുരളീധരന് അറിയിച്ചു. ഇക്കാര്യം അഞ്ജുവിന്റെ മാതാപിതാക്കളെ അറിയിക്കാന്‍ കോട്ടയത്തെത്തിയതായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പോപ്പുലര്‍ ഫണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെ കുറിച്ചും എ.കെ ആന്റണിയുടെ ഭൂരിപക്ഷ രാഷ്ട്രീയ നിലപാടിനെ പറ്റിയും പരാമര്‍ശിച്ച മുരളീധരന്, ഇടതുപക്ഷവും പി.എഫ്.ഐയും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെയാണെന്നും ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് തഴച്ചു വളരാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും പറഞ്ഞു. പോലീസില്‍ പി.എഫ്.ഐ സെല്ലുകള്‍ ഇപ്പോഴും സജീവമാണ്. ആദ്യ റെയ്ഡിനു ശേഷം ഹര്‍ത്താല്‍ നടന്ന ഏക സംസ്ഥാനമാണ് കേരളം- മുരളീധരന് വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമായ സ്ഥിതിയില്‍ ആന്റണിക്ക് തിരിച്ചറിവുണ്ടായതില്‍ സന്തോഷമെന്നും മുരളീധരന് പറഞ്ഞു. ചന്ദനക്കുറി ഇട്ടവര്‍ക്ക് മാത്രമല്ല ഗണപതി ക്ഷേത്രത്തിലെ കറുത്തകുറി ഇട്ട് നടന്നിരുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇനി ആ കുറി വീണ്ടും അണിയാമായിരിക്കും. കള്ളപ്പണം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, നിരോധിത സംഘടനാ ബന്ധം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോളാറിലെ സി.ബി.ഐ. കണ്ടെത്തലുകള്‍ വസ്തുതയല്ല എന്ന് കോണ്‍ഗ്രസിന് അഭിപ്രായമുണ്ടോ? നിലപാടില്ലായ്മയാണ് കോണ്‍ഗ്രസിന്റെ സ്ഥിതി- മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ കെ. റെയില്‍, ബഫര്‍ സോണ്‍ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും ഐ.പി.ആര്.ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാണെന്നും മുരളീധരന് പറഞ്ഞു.