KeralaNEWS

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. തിരുവറ ക്ഷേത്രം ഉത്സവത്തിനെത്തിച്ച ആനയാണ് ഇടിഞ്ഞത്. പത്ത് മണിയോടെയാണ് സംഭവം. പറവെപ്പിനെത്തിച്ച ആനയെ അധികം വൈകാതെ തളച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ വാര്‍ത്ത ഏറെ പരിഭ്രാന്തി പരത്തി. ഉത്സവം കൂടാനെത്തിയ ആളുകളുടെ ബൈക്കുകള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ ആറോളം ബൈക്കുകള്‍ ആന തകര്‍ത്തു. പതിവില്‍ നിന്നും വ്യത്യസ്തമായി പാലക്കാട് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതായിരിക്കാം ആന ഇടയാന്‍ കാരണമെന്ന് കരുതുന്നു.

അതേസമയം, കഴിഞ്ഞ 24 -ാം തിയതിയും പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞിരുന്നു. അന്ന് 5 പേർക്കാണ് പരിക്കേറ്റത്. പാലക്കാട് വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്‍റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം സ്വദേശി വൈശാഖ്, എരിക്കിൻചിറ ജിത്തു, വണ്ടാഴി സ്വദേശിനി തങ്കമണി, ആനയുടെ പാപ്പാൻ എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. രാത്രി ഒൻപത് മണിയോട് കൂടി ചിറക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കോഴിക്കോട് ഗോവിന്ദപുരത്തും പരിപാടിക്കിടെ ആനയിടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അയ്യപ്പൻ വിളക്കിനിടെയാണ് ആന വിരണ്ടത്. പാപ്പാൻമാ‍ര്‍ പെട്ടെന്ന് തന്നെ ആനയെ തളച്ചതിനാൽ കൂടുതാൽ നാശനഷ്ടങ്ങളോ ആ‍ര്‍ക്കും പരിക്കോ പറ്റിയില്ല. ഗോവിന്ദപുരം ജംഷനിൽ എഴുന്നള്ളത്തിനിടെയായിരുന്നു സംഭവം.

Back to top button
error: