ദില്ലി : എൽഡിഎഫ് കൺവീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളത്തിലെ വിവാദങ്ങൾ ഒന്നും പിബിയുടെ ചർച്ചയിൽ വന്നില്ലെന്നും കേരളത്തിലെ വിഷയങ്ങൾ സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്നും യെച്ചൂരി വിശദീകരിച്ചു.
ഇപി ജയരാജനെതിരെ ആരോപണമുന്നയിച്ച പി ജയരാജന് എതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ഗവർണറുടെ വിഷയമാണ് പിബിയുടെ ചർച്ചയിൽ വന്നത്. തെറ്റ് തിരുത്തൽ രേഖ അടുത്ത മാസം കേന്ദ്ര കമ്മറ്റി ചർച്ച ചെയ്യും. ത്രിപുരയിൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സഖ്യം സംബന്ധിച്ച ചർച്ചയും സ്ഥാനാർഥി നിർണയവും അടുത്ത മാസം 9 നു സംസ്ഥാന കമ്മറ്റിയിൽ നടക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിൽ സിപിഎം നേതാക്കൾ ആരും പങ്കെടുക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം കേന്ദ്ര കമ്മറ്റിയഗം മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിയുടെ വിശദീകരണം. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ പരിപാടിയാണ്. അതിൽ പങ്കെടുക്കുമോ എന്ന ചോദ്യം തന്നെ ഉയരുന്നില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.