തിരുവനന്തപുരം: കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 44.5 ലക്ഷം വിലവരുന്ന 838.86 ഗ്രാം സ്വര്‍ണവുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. ഹരിയാന സ്വദേശി സമീര്‍ അത്രിയാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കസ്റ്റംസിന്റെ പരിശോധനയില്‍നിന്ന് ആദ്യം രക്ഷപ്പെട്ട ഇയാള്‍ ആഭ്യന്തര ടെര്‍മിനല്‍ വഴി ഡല്‍ഹിക്കു പോകാനൊരുങ്ങുമ്പോഴാണ് പിടിയിലായത്.
ആഭ്യന്തര ടെര്‍മിനലില്‍ സെക്യൂരിറ്റി പരിശോധനയുടെ ഭാഗമായി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍ ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
തുടര്‍ന്ന് കസ്റ്റംസിനെ വിവരമറിയിച്ചു. അവര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ അടിവസ്ത്രത്തിലുണ്ടായിരുന്ന പ്രത്യേക അറയില്‍ കുഴമ്പുരൂപത്തിലാക്കി സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.