ശില്പ ചെണ്ടകൊട്ടി, ദേവാനന്ദ് ഇലത്താളത്തിൽ താളം പിടിച്ചു: വിവാഹ ശേഷം വധൂ വരന്മാർ ഒരുക്കിയ ‘കല്യാണമേളം’ അഥിതികൾക്ക് ആവേശമായി
പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും ഓരോ വിവാഹാഘോഷവും ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷമുള്ള ഫോട്ടോ സെക്ഷനിൽ വധുവരന്മാർ പുഴയിലും വെള്ളം കയറിക്കിടന്ന കരിങ്കൽ ക്വാറിയിലുമൊക്കെ വീണത് വാർത്തയായിരുന്നു.
ഗുരുവായൂരിൽ ഇന്നലെ നടന്ന വിവാഹാഘോഷം വ്യത്യസ്തമായത് ചെണ്ട കൊട്ടുന്ന വധുവും ഇലത്താളം പിടിക്കുന്ന വരനും ചേർന്നതോടെയാണ്. കല്യാണം കൂടാനെത്തിയവരും മേളത്തിനു വന്നവരും ഉഷാർ. ഗുരുവായൂർ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തിൽ താലി കെട്ടിയശേഷം ഹാളിലേക്ക് ആനയിക്കുമ്പോഴായിരുന്നു വധൂവരന്മാരുടെ ‘കല്യാണമേളം.’ വധൂവരൻമാരെ ഹാളിലേയ്ക്ക് ആനയിച്ചത് ശിങ്കാരിമേളത്തോടെയാണ്.
ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാർ- രശ്മി ദമ്പതികളുടെ മകൾ ശില്പയാണ് വധു. നല്ലൊരു മേളക്കാരി കൂടിയാണ് ശില്പ. വിവാഹസത്കാരം നടക്കുന്ന പടിഞ്ഞാറേനടയിലെ ലോഡ്ജ് ഹാളിനു മുന്നിൽ 25 പേർ നിന്ന് ശിങ്കാരിമേളം കൊട്ടുകയായിരുന്നു. കൊട്ടിന്റെ ആവേശത്തിൽ ശില്പ ചെണ്ട വാങ്ങി തോളിലിട്ട് ഒപ്പം കൂടി. ഇതോടെ വരൻ കണ്ണൂർ സ്വദേശി ദേവാനന്ദും വെറുതെ നിന്നില്ല. ഇലത്താളം വാങ്ങി ചുവടുവെച്ച് കുത്തി ഭാര്യക്ക് പിന്തുണ നൽകി. വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊട്ടും ഇലത്താളവും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ.