കൊച്ചി: പ്രമുഖ സിനിമ, ഡോക്യുമെന്ററി സംവിധായകനും കാര്‍ട്ടൂണിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ കെ.പി. ശശി അന്തരിച്ചു. 64 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചി സ്വദേശിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ് ശാന്തികവാടത്തിലാണ് സംസ്‌കാരം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരൻ്റെ മകനാണ്. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീജീവിതം വിഷയമാക്കിയ ഇലയും മുള്ളും എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയ പുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്.
2013 മാര്‍ച്ചില്‍ പുറത്തിറങ്ങിയ കെ.പി. ശശിയുടെ ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്. റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് വര്‍ക്കുകള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങി. ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയും ചെയ്തു. വിബ്‌ജ്യോര്‍(VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.