വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാം, ഈസിയായി: കേന്ദ്രം ഉത്തരവിറക്കി
വാഹനം പഴയതാണെങ്കിലും വിഷമിക്കേണ്ട; ഭാരത് സീരീസ് രജിസ്ട്രേഷനിലേക്ക് മാറ്റാ, ഈസിയായി. അതിനായി ചട്ടം ഭേദഗതി ചെയ്തു കേന്ദ്രം ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ വാഹന രജിസ്ട്രേഷനായി കൊണ്ടുവന്ന ഭാരത് സീരീസ് (ബി.എച്ച്.) രജിസ്ട്രേഷനിലേക്ക് ഇനി പഴയ വാഹനങ്ങളും മാറ്റാമെന്നതാണ് സാവിശേഷത. ഇതിനായി ഭാരത് സീരീസ് രജിസ്ട്രേഷന് ചട്ടങ്ങള്‍ കേന്ദ്ര ഗതാഗതമന്ത്രാലയം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ഭാരത് രജിസ്ട്രേഷന് കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് നടപടി.
പുതുതായി രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കുമാത്രം ബി.എച്ച്. രജിസ്ട്രേഷന് നല്കിയാല് മതിയെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തിയാണ് നിലവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്കും ഭാരത് രജിസ്ട്രേഷനിലേക്ക് മാറാന്‍ അനുമതി നല്‍കിയത്. ഇതിനുപുറമേ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റംചെയ്യാമെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
അര്‍ഹതയുള്ളവര്‍ക്ക് സ്വന്തം താമസസ്ഥലത്തിന്റെയോ ജോലിസ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ ബി.എച്ച്. രജിസ്ട്രേഷന് അപേക്ഷിക്കാനും ചട്ടഭേദഗതി വരുത്തി. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും ബി.എച്ച്. രജിസ്ട്രേഷന് നേടാം. അതേസമയം, ദുരുപയോഗം തടയാന്‍ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിസര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഭാരത് രജിസ്ട്രേഷന്
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത വാഹന രജിസ്ട്രേഷന് മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ബി.എച്ച്. രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, നാലു സംസ്ഥാനങ്ങളിലെങ്കിലും ഓഫീസുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹത. രാജ്യമെങ്ങും ഈ നമ്പര്‍പ്ലേറ്റിന് സാധുതയുണ്ട്.