FoodLIFELife Style

അടിമുടി തണുക്കാന്‍ ജ്യൂസ്, തണലേകാന്‍ പന്തല്‍; വളർത്താം പാഷന്‍ ഫ്രൂട്ട്

മുറ്റത്ത് തണലൊരുക്കി മനോഹരമായ പന്തല്‍, അതിനൊപ്പം മധുരവും പുളിയുമുള്ള സൂപ്പര്‍ ജ്യൂസ്, പാഷന്‍ ഫ്രൂട്ട് വളര്‍ത്തിയാല്‍ രണ്ടു കാര്യമുണ്ട്. മനുഷ്യ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ല.

മഞ്ഞയും പര്‍പ്പിളും

Signature-ad

പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും.

കൃഷിരീതി

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍ മണ്ണിട്ട് കുഴി നിറയ്ക്കണം. ചാണകവും കോഴിക്കാഷ്ഠവും എല്ലുപൊടിയും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് വളരെ ഉത്തമം. രണ്ടുമാസത്തിലൊരിക്കല്‍ 150 ഗ്രാം പൊട്ടാഷും 50 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുന്നത് ഉത്പാദനം കൂട്ടും.

പരിചരണം കൃത്യമായി

മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടര്‍ന്നു പന്തലിച്ചാല്‍ താഴെയുളള മുറികള്‍ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചു തുടങ്ങുക. നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് (കൊമ്പുകോതല്‍) നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും തേനീച്ചകള്‍ സഹായിക്കുമെന്നതിനാല്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കാം.

Back to top button
error: