കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിൽ നിലനിർത്താൻ തമിഴ്നാട് നീക്കം, ജല സംഭരണികളില്‍ ജലനിരപ്പ് താഴ്ന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് വര്‍ധപ്പിച്ചിട്ടില്ല. അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച് നിലനിര്‍ത്താനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. മുല്ലപ്പെരിയാർ ഡാമിന് 142 അടിയിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്തുക എന്നാ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. പതിയെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താൻ അനുമതി വാങ്ങിയെടുക്കാനും തമിഴ്നാട് ലക്ഷ്യമിടുന്നുണ്ട്.
എന്നാൽ അണക്കെട്ട് വൃഷ്ടിപ്രദേശത്ത് മഴയുടെ ലഭ്യത കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോതും കുറഞ്ഞു. സെക്കന്റില്‍ 454 ഘനയടി വീതം ജലമാണു ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്നത് വെറും 250 ഘനയടി വീതം ജലമാണ്. ഇന്നലെ രാവിലെ അണക്കെട്ടില്‍ ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 141.75 അടിയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇന്നോ നാളെയോ ജലനിരപ്പു 142 അടിയില്‍ എത്തും. പിന്നിട് ഇത് ദിവസങ്ങളോ ആഴ്ചകളോ അതെ സ്ഥിതിയില്‍ നില നിര്‍ത്താനാണ് നീക്കമെന്നാണ് സൂചന.