കാഠ്മണ്ഡു: ഇരുപതു വര്‍ഷത്തെ തടവിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ്(78) മോചിതനായി. ശോഭ്രാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തുമെന്നാണു സൂചന. ഇയാളെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കാഠ്മണ്ഡുവിലെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവന്ന ശോഭ്രാജിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്കാണ് കൊണ്ടുപോയത്. രോഗബാധിതനായതിനാല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തും. സുരക്ഷാപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് ചാള്‍സ് ശോഭ്രാജിനെ എത്രയുംവേഗം ഫ്രാന്‍സിലേക്കു നാടു കടത്തുമെന്നാണു സൂചന. ഇന്നലെ െവെകിട്ട് ഫ്രാന്‍സിലേക്ക് വിമാനടിക്കറ്റ് എടുത്തായി അഭിഭാഷകന് ഗോപാല്‍ ശിവകോടി ചിന്തന്‍ പറഞ്ഞു. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദേശം. പ്രായാധിക്യം കണക്കിലെടുത്താണു ചാള്‍സ് ശോഭ്രാജിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് 2003 ല്‍ ശോഭ്രാജ് ജയിലിയായത്. ഇന്ത്യന്‍- വിയറ്റ്നാമീസ് മാതാപിതാക്കളുടെ മകനായ ശോഭ്രാജിന് ഫ്രഞ്ച് പൗരത്വമാണുള്ളത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അയാള്‍ നേപ്പാളിലേക്കു കടന്നത്. യു.എസ്. പൗരന്മാരായ കനേയ് ജോ ബോറന്സിച്(29), കാമുകി ലോറന്റ് കാരി(26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു അയാള്‍ നേപ്പാള്‍ ജയിലിലായത്. കൊലപാതകത്തിനു ജീവപര്യന്തം തടവ്ശിക്ഷയും വ്യാജപാസ്പോര്‍ട്ട് ഉണ്ടാക്കിയതിന് 2000 രൂപയും പിഴയുമാണു ശിക്ഷ ലഭിച്ചത്.
ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ 1976 ലാണ് ചാള്‍സ് ശോഭ്രാജ് ഡല്‍ഹിയില്‍ പോലീസ് പിടിയിലായത്. ഈ കേസില്‍ 12 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 1986-ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍നിന്നു പിടിയിലായി. 1997-ല്‍ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിതനായ ഇയാള്‍ 2003-ല്‍ ഫ്രാന്‍സിലേക്കു മടങ്ങി. പിന്നീട് നേപ്പാളില്‍ അറസ്റ്റിലാകുകയായിരുന്നു. അവിടെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ അഭിഭാഷകയായ നിഹിത ബിശ്വാസുമായി പ്രണയത്തിലായി. ശോഭ്രാജിനേക്കാള് 44 വയസ് കുറവാണ് നിഹിതയ്ക്ക്. ആ ബന്ധത്തില്‍ ഒരു മകളുണ്ട്.