കൊച്ചി: കോടികളുടെ പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന്റെ നിരുപാധിക ക്ഷമാപണം. ആഭ്യന്തര സെക്രട്ടറി കോടതിയില്‍ ഹാജരായാണു ക്ഷമാപണം നടത്തിയത്. റവന്യു റിക്കവറി നടപടികള്‍ ജനുവരി 15 നകം പൂര്‍ത്തിയാക്കുമെന്നു കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം കോടതി ഫയലില്‍ സ്വീകരിച്ചു.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതിയായ അബ്ദുല്‍ സത്താറിനെ ഇനി മുതല്‍ വീഡിയോ കോണ്‍ഫന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. ഹര്‍ജി ജനുവരി 17 നു പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എന്‍ഐഎ, ഇഡി എന്നിവര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍. സംഭവത്തില്‍ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചതോടെ കടുത്ത വിമര്‍ശനമാണു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തുക ഈടാക്കുന്നതിനുള്ള സമയപരിധി ജനുവരി 31ല്‍ കൂടുതല്‍ നീട്ടി നല്‍കാനാവില്ലെന്നും സ്വീകരിച്ച നടപടികള്‍ ആഭ്യന്തര വകുപ്പ് അഡിഷനല്‍ സെക്രട്ടറി നേരിട്ടെത്തി അറിയിക്കാനും ഉത്തരവിട്ടു. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചത് ചെറുതായി കാണാനാവില്ലെന്ന് ഇന്നു കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.