കേരളത്തിൽ ഏറ്റവും ഡിമാന്റുള്ള വിഭാഗമാണ് തെങ്ങ് കയറ്റക്കാർ. തെങ്ങിൽ കയറി തേങ്ങയിടാൻ ആളെ കിട്ടാതെ വിഷമിക്കുന്ന നിരവധി കർഷകർ നമ്മുടെ നാട്ടിലുണ്ട്. തെങ്ങ് കയറാനുള്ള ചെലവും തേങ്ങയുടെ വിലയും തമ്മിൽ മിക്കപ്പോഴും ഒത്തു പോകാറില്ല. ഇങ്ങനെ നമ്മുടെ കൽപ്പവൃക്ഷമായ തെങ്ങിനെ ഉപേക്ഷിക്കുകയാണ് മലയാളി. ഇതിനൊരു പരിഹാരമാണ് കുള്ളൻ തെങ്ങുകൾ. നിരവധി വിഭാഗത്തിലുള്ള കുള്ളൻ തെങ്ങുകൾ ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്. ഇന്ത്യയിൽ തന്നെയുള്ള ഇനങ്ങളും വിദേശികളും ഇക്കൂട്ടത്തിലുണ്ട്. അത്തരം മികച്ച ഇനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്:
1. ചാവക്കാട് ഓറഞ്ച് ഡ്വാർഫ് /ഗ്രീൻ ഡ്വാർഫ്
പേരു സൂചിപ്പിക്കും പോലെ തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും ഉത്ഭവിച്ച തെങ്ങാണിത്. ഓറഞ്ച് നിറത്തിലുള്ള തേങ്ങയും ഓലകളുമാണ് ഓറഞ്ച് ഡ്വാർഫിന്. ഇളനീരിനു യോജിച്ച ഇനമാണിത്. ഏറ്റവും ഗുണമേന്മയുള്ള കരിക്കിൻ വെള്ളമാണ് ചാവക്കാട് ഓറഞ്ച് ഡ്വാർഫിന്റേതാണെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നടാനും അനുയോജ്യമാണ്. തൈ നട്ട് മൂന്ന്‌നാല് വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങളും. കൊപ്രയ്ക്ക് വലിയ നിലവാരം ഉണ്ടായിരിക്കുകയില്ല. തമിഴ്‌നാട്ടിൽ ചില സ്ഥലങ്ങളിൽ ഇവ ഇളനീരിനായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചനിറത്തിലുള്ള തേങ്ങയുള്ള ഇതേ ഇനം ചാവക്കാട് ഗ്രീൻ ഡ്വാർഫ് എന്നറിയപ്പെടുന്നു. പതിനെട്ടാം പട്ട എന്നാണ് കർഷകർ ഗ്രീൻ ഡ്വാർഫിനെ വിശേഷിപ്പിക്കുന്നത്. ഓറഞ്ചിനെ അപേക്ഷിച്ച് കൊപ്രയ്ക്ക് കുറച്ചു കൂടി ഗുണനിലവാരമുണ്ടാകും. കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായ കുള്ളൻ തെങ്ങിനങ്ങൾ ഇവ രണ്ടുമാണ്.
2. ഗംഗാബൊണ്ടം
ഇളനീരിന് അനുയോജ്യമായ മറ്റൊരു കുറിയ ഇനം തെങ്ങാണിത്. ആന്ധ്രപ്രദേശിൽ നിന്നാണ് ഗംഗാബൊണ്ടത്തിന്റെ വരവ്. കേരളത്തിൽ നിരവധി സ്ഥലത്ത് ഈയിനം നട്ടു കഴിഞ്ഞു. മൂന്നു വർഷമാകുമ്പോൾ കായ്ച്ചു തുടങ്ങും. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ തെങ്ങ് ഇനം എന്നാണ് ഗംഗാബൊണ്ടം അറിയപ്പെടുന്നത്. തേങ്ങ്ക്ക് ഏതാണ്ട് പപ്പായയുടെ ആകൃതിയായിരിക്കും. ഒരു വർഷം 250 മുതൽ 350 വരെ തേങ്ങൾ ലഭിക്കും. ഗുണനിലവാരമുള്ള കൊപ്രയാണ് ഈ ഇനത്തിന്റേത്. കൊപ്രയിൽ 68 ശതമാനത്തോളം വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നതിനാൽ വാണിജ്യമായി കൃഷി ചെയ്യാൻ ഏറെ അനുയോജ്യമായി ഇനമാണിതെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ ധാരാളം നഴ്‌സറികൾ ഗംഗാബൊണ്ടത്തിന്റെ തൈകൾ വിൽക്കുന്നുണ്ട്.
ഇടത്തരം വലിപ്പമുള്ള തെങ്ങുകളാണ് കൽപരക്ഷ. തനി കുള്ളൻ ഇനം എന്നു പറയാൻ പറ്റില്ല. ഇളനീരിനും കൊപ്രയ്ക്കും ഒരു പോലെ യോജിച്ച ഇനം. തൈ നട്ടു നാല് – അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കും. നല്ല മധുരമുള്ള കരിക്കിൻ വെള്ളമാണ് കൽപരക്ഷയിലെ തേങ്ങയ്ക്ക്. നാളികേരമൊന്നിന് 185 ഗ്രാം എന്നതാണ് കൊപ്രയുടെ അളവ്.
4. കൽപശ്രീ
കായംകുളം സിപിസിആർഐ പ്രാദേശിക കേന്ദ്രം പുറത്തിറക്കിയ കുള്ളൻ ഇനം തെങ്ങാണ് കൽപശ്രീ. പെട്ടെന്നു കായിക്കുന്ന ഇനമാണിത്, നട്ട് രണ്ടര – മൂന്നു വർഷത്തിനകം കായിച്ചു തുടങ്ങും. തേങ്ങയും പട്ടയും കടും പച്ചനിറത്തിലുള്ളതായിരിക്കും. ദീർഘ വൃത്താകൃതിയിലുള്ള തേങ്ങയുടെ വെളിച്ചെണ്ണ നല്ല ഗുണമേന്മയുള്ളതാണ്. കരിക്കിൻ വെള്ളത്തിന് നല്ല മധുരവുമാണ്. കാറ്റു വീഴ്ച രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ഈ ഇനത്തിന്.
5. കൽപജ്യോതി
ഇളനീരിനു യോജിച്ച മറ്റൊരു കുള്ളം ഇനം തെങ്ങാണ് കൽപജ്യോതി. ഇടത്തരം വലിപ്പത്തിൽ അണ്ഡാകൃതിയിലുള്ള തേങ്ങകളാണ് കൽപജ്യോതിയുടേത്. മഞ്ഞനിറത്തിലാണ് തേങ്ങ. ശരാശരി 380 മില്ലി ലിറ്റർ വെള്ളം ഒരു കരിക്കിൽ നിന്നും ലഭിക്കും. നട്ടുകഴിഞ്ഞ് മൂന്നു വർഷത്തിനകം കായ്ച്ചു തുടങ്ങും. നല്ല പരിചരണം ആവശ്യമാണ് ഈ ഇനത്തിന്.
6. കൽപസൂര്യ
ഇടത്തരം വലിപ്പമുള്ള ഓറഞ്ച് നിറത്തിലുള്ള തേങ്ങയുണ്ടാകുന്ന കൽപസൂര്യയും ഇളനീരിന് യോജ്യമായ ഇനമാണ്. വീട്ടുമുറ്റത്ത് അലങ്കാരത്തിനായും ഇതിനെ വളർത്താം. ഒരു കരിക്കിൽ നിന്നും ശരാശരി 400 മില്ലി ലിറ്റർ വെള്ളം ലഭിക്കും. കൃത്യമായി നല്ല പോലെ നന വേണ്ട ഇനമാണിത്. വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവ് കൽപസൂര്യയ്ക്ക് വളരെ കുറവാണ്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ നല്ല പോലെ വെള്ളം ലഭിക്കുന്ന സ്ഥലം മാത്രം തെരഞ്ഞെടുക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുള്ളൻ തെങ്ങുകളോടുള്ള താത്പര്യം മലയാളിക്ക് കൂടി വരികയാണ്. ഇതു ചൂഷണം ചെയ്യാൻ പല തട്ടിപ്പുകാരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനാൽ ഇനം തെരഞ്ഞെടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധിക്കണം. ഇളനീർ ആവശ്യത്തിനാണ് കുള്ളൻ തെങ്ങുകൾ ഏറെ അനുയോജ്യം. വെളിച്ചെണ്ണ ലഭിക്കാൻ ഇവയത്ര പോര. നല്ല പോലെ പരിചരണം നൽകിയില്ലെങ്കിൽ ഇത്തരം തെങ്ങുകൾ നശിച്ചു പോകും. രോഗങ്ങളും കീടങ്ങളും എളുപ്പം ബാധിക്കും. വേനലിൽ നല്ല നനയും വേണം. നഴ്‌സറികളിൽ നിന്നും തൈകൾ വാങ്ങുകൾ ഗുണമേന്മ ഉറപ്പുവരുത്തണം.