മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പാല്‍ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ എത്തിക്കുകയും അവിടെവച്ച് എട്ടു പേര്‍ പന്ത്രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടര്‍ന്ന് അന്ന് രാത്രി മുതല്‍ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബംഗ്ലാവില്‍വച്ചും പിന്നീട് കടല്‍തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍വച്ചും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി എട്ടു പേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.