നാഗര്‍കോവില്‍: കന്യാകുമാരി തക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ ബെര്‍നിഷ(31)യാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് എബനേസറി(35)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ വസ്ത്രധാരണ രീതിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം.
ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. ജെബ കഴിഞ്ഞ മൂന്നുമാസമായി നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കുന്നുണ്ട്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.
ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കാന്‍ പോയതിനുശേഷം ജെബയുടെ വസ്ത്രധാരണരീതിയില്‍ മാറ്റമുണ്ടായെന്ന് പറഞ്ഞ് ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. തര്‍ക്കം തുടര്‍ന്നതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുക്കളും ഇടപെട്ടു. തുടര്‍ന്ന് കുടുംബവീട്ടില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് എബനേസര്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദമ്പതിമാര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് എബനേസര്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ജെബയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. തലയ്ക്ക് മാരകമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇതിനുപിന്നാലെയാണ് വീട്ടിലെത്തിയ എബനേസറിനെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ മൃതദേഹം തക്കല പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.