ശബരിമല: മരക്കൂട്ടത്തടക്കം പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സന്നിധാനത്ത് തീർഥാടകരുടെ തിരക്കിന് ശമനമായി. അനാവശ്യ നിയന്ത്രണങ്ങൾ തീർഥാടനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ദേവസ്വം ബോർഡ് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച പമ്പയിൽ നടന്ന യോഗം ശരണപാതയിലും സന്നിധാനത്തുമടക്കമുള്ള അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കാൻ നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ച മുതൽ തീർഥാടകരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി.
സുഖദർശനം ഉറപ്പാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സോപാനത്ത് ജോലി ചെയ്യുന്ന പൊലീസുകാരുടെ സമീപനത്തിനും മാറ്റമുണ്ടായി. പൊലീസ് സേനയുടെ എണ്ണത്തിലും വർധന വരുത്തി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 1335 പേരടങ്ങുന്ന പൊലീസ് സേനയുടെ പുതിയ ബാച്ച് ശനിയാഴ്ച സന്നിധാനത്ത് ചുമതലയേൽക്കും.