IndiaNEWS

തവാങ് സംഘർഷം നാലാം ദിവസവും പാർലമെന്റിൽ; പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികൾ തടസപ്പെട്ടു

ന്യൂഡൽഹി: തവാങ് സംഘർഷത്തെ ചൊല്ലി പാർലമെന്റിൽ നാലാം ദിവസവും പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തടസപ്പെട്ടു. ചർച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷൻ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി. ലോക്സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമർശനം ആവർത്തിച്ചു. ഭീകരവാദത്തിനെതിരായ തെളിവുകള്‍ ചില രാജ്യങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്നുവെന്നായിരുന്നു ചൈനയോടുള്ള എസ് ജയശങ്കറിന്‍റെ പരോക്ഷ വിമ‌ർശനം.

Signature-ad

തവാങ്ങിൽ ഏറ്റുമുട്ടലുണ്ടായ വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയുടെ ഭൂമി ആർക്കും വിട്ടുനൽകില്ലെന്നും ചൈനയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം സജ്ജമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ ഒമ്പതിന് തവാങ് സെക്ടറിലെ യാങ്സേയിലാണ് ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിച്ചത്. ചൈനയുടെ നീക്കത്തെ ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. സൈന്യത്തിന്‍റെ ശക്തമായ നീക്കത്തിൽ ചൈനീസ് സേന പിൻവാങ്ങി. ഒരു ഇന്ത്യൻ സൈനികന് പോലും ഗുരുതര പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല. എന്നാൽ, ഇരുവിഭാഗത്തെ ഏതാനും സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അവസരോചിതമായി ഇന്ത്യൻ സൈന്യം ഇടപെട്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

Back to top button
error: