തിരുവനന്തപുരം: പ്രണയ വിവാഹമായിരുന്നു അത്. പക്ഷേ വിവാഹത്തിനു മുംപ് പെൺകുട്ടി ഗർഭിണിയായി. ഒടുവിൽ വീട്ടുകാരേയും പ്രദേശവാസികളേയും ഭയന്ന് പ്രസവിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. അതിനുശേഷം കടുത്ത വൈകാരിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്ന ദമ്പതികള്‍, ഒടുവില്‍ നൊന്തുപെറ്റ കുഞ്ഞിനെ തേടി അധികൃതരെ സമീപിച്ചിരിക്കയാണ്.
ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ വൈകാതെ തന്നെ മാതാപിതാക്കള്‍ക്ക് കൈമാറും. ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. ദത്ത് നടപടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ ആരംഭിക്കാനിരിക്കെയാണ് കുട്ടിയെ തിരികെ കിട്ടാനുള്ള മാതാപിതാക്കളുടെ ശ്രമം.
രണ്ടുദിവസം കഴിഞ്ഞാല്‍ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ എന്ന വിഭാഗത്തിലേക്കു കുഞ്ഞ് മാറിയേനേം എന്ന് സി.ഡബ്ല്യു.സി അധ്യക്ഷ ഡിസംബര്‍ ഒന്നിന് അറിയിച്ചിരുന്നു. മൂന്നു മാസം മുന്‍പാണു മാതാപിതാക്കള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.
പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ച് വിവാഹിതരായ യുവാവും യുവതിയും സമൂഹവിചാരണ ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവാഹത്തിനു മുന്‍പ് ഗര്‍ഭം ധരിച്ചതു വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിക്കുമെന്ന പേടി കൊണ്ടാണു പ്രസവം രഹസ്യമാക്കി വയ്ക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതെന്നു കുട്ടിയുടെ അച്ഛന്‍ പറയുന്നു.
വിവാഹം നടക്കുമ്പോള്‍ യുവതി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്തു വാടക വീടെടുത്തു താമസമാക്കി. മേയില്‍ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. അതിനു ശേഷം കടുത്ത വൈകാരിക സമ്മര്‍ദം അനുഭവിച്ച ദമ്പതികള്‍ ഒടുവില്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.