ഭുവനേശ്വർ: അണ്വായുധ വാഹകശേഷിയുള്ള, ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ന്റെ നൈറ്റ് ട്രയൽ വിജയകരമായി പൂർത്തിയാക്കി. ഇന്നലെ വൈകീട്ട് 5.30 ന് ഒഡീഷയിലാണ് മിസൈൽ പരീക്ഷിച്ചത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ശേഷിയുണ്ട് അഗ്നി-5 മിസൈലിന്.
നേരത്തേ തീരുമാനിച്ചതിനേക്കാൾ മുൻപാണ് പുതിയ പരീക്ഷണം. 2012 മുതൽ ഇതുവരെ ഒമ്പത് പ്രാവശ്യം പരീക്ഷണം നടത്തി. മിസൈലിൽ പുതിയതായി ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയൽ നടത്തിയത്. മുൻ പതിപ്പുകളേക്കാൾ ഭാരം കുറവാണിതിന്.
ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അഗ്നി-5 മിസൈൽ വികസിപ്പിച്ചത്. ട്രക്കുകളിൽ കൊണ്ടുപോവാനും കാനിസ്റ്റർ ഉപയോഗിച്ച് വിക്ഷേപിക്കാനും സാധിക്കുന്ന മിസൈൽ ആണ് അഗ്നി 5.