തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. പേരൂര്‍ക്കട ഡിപ്പോയിലെ ഡ്രൈവര്‍ പി.ജെ ജലജ കുമാറിനാണ് മര്‍ദനമേറ്റത്. റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ജലജ കുമാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. വഴയിലയില്‍ നിന്ന് മെഡിക്കല്‍ കോളജ് വരെ സര്‍വീസ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ബസ് റൂട്ട് തെറ്റിച്ച് കിഴക്കേക്കോട്ടയിലേക്കും സര്‍വീസ് നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ചത്. ബസിനുള്ളിലും വലിച്ച് പുറത്തിറക്കിയും മര്‍ദിച്ചെന്ന് ജലജ കുമാര്‍ ഫോര്‍ട്ട് പോലീസിനും ആര്.ടി.ഒയ്ക്കും നല്കിയ പരാതിയില്‍ പറയുന്നു.
പരുക്കേറ്റ ഡ്രൈവര്‍ ജലജ കുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗത തടസവുമുണ്ടായി. സ്ഥിരമായി റൂട്ട് തെറ്റിക്കുന്നെന്ന് കാണിച്ച് നേരത്തെയും ഈ ബസിനെതിരേ ആര്.ടി.ഒയ്ക്ക് പരാതി നല്കിയിട്ടുണ്ടായിരുന്നു. സ്വകാര്യ ബസ് ഫോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.