IndiaNEWS

ഒരു കിലോമീറ്ററിന് റോഡിന് 100 കോടി ചെലവ്, 25 % ചെലവ് വഹിക്കാമെന്ന ഉറപ്പ് കേരളം പാലിച്ചില്ല: ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന ഉറപ്പില്‍നിന്ന് കേരളം പിന്നാക്കം പോയെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിനെ തുടര്‍ന്ന് നിര്‍മാണത്തിന്റെ ഭാഗമായി ഈടാക്കുന്ന ജി.എസ്.ടി. ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. കേരളത്തില്‍ ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നൂറുകോടി ചെലവു വരുന്നെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്തെ ദേശീയപാതാ വികസനം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കവേയാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഗഡ്കരി പറഞ്ഞത്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കണമെങ്കില്‍ നൂറുകോടി ചെലവുവരും. ഭൂമിയേറ്റെടുക്കല്‍ തുക ഉള്‍പ്പെടെയാണിത്. ഭൂമിയേറ്റെടുക്കലിനും മറ്റും വലിയതുക വേണ്ടിവരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

Signature-ad

നേരത്തെ ദേശീയപാതാവികസനം തടസ്സപ്പെട്ടുനിന്നപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന നിര്‍ദേശം സംസ്ഥാനം തന്നെയാണ് മുന്നോട്ടുവെച്ചത്. 2019- ഒക്ടോബറിലാണ് സംസ്ഥാനവും കേന്ദ്രവും ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ദേശീയപാത 66-ന്റെ വികസനത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തി. ഡിസംബര്‍ അഞ്ചാം തീയതി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ദേശീയപാതാ വികസനം സംസ്ഥാനത്തിന്റെ അവകാശമാണ്. സംസ്ഥാനത്തിന്റെ വിഹിതം ഇങ്ങുപോരട്ടേ എന്ന് ദേശീയപാത അതോറിറ്റി വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയം ഗഡ്കരിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇക്കാര്യം തന്നെയാണ് നിതിന്‍ ഗഡ്കരിയും ഇപ്പോള്‍ സഭയില്‍ പറഞ്ഞിരിക്കുന്നത്. പണമില്ലെന്ന് കേരളം അറിയിച്ചപ്പോള്‍ നിര്‍മാണ സാമഗ്രികളുടെ സംസ്ഥാന ജി.എസ്.ടി. എടുത്തുകളയുക, നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവെച്ചിരുന്നെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം, സംസ്ഥാന-കേന്ദ്ര തര്‍ക്കം എന്ന നിലയിലല്ല ഗഡ്കരി വിഷയം സഭയില്‍ പരാമര്‍ശിച്ചത്. പകരം തന്റെ അടുത്തെത്തിയ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ കുറിച്ചാണ് വിശദീകരിച്ചത്.

 

Back to top button
error: