മുംബൈ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ച നടി വീണാ കപൂര്‍ (74) ജീവനോടെ രംഗത്ത്. മകന്‍ കൊലപ്പെടുത്തിയെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കൊല്ലപ്പെട്ടത് തന്റെ പേരുമായി സാമ്യമുള്ള മറ്റാരോ ആണെന്ന്, വീണാ കപൂര്‍ പരാതിയില്‍ വ്യക്തമാക്കി.
മരണ വാര്‍ത്തയ്ക്കെതിരേ രംഗത്തെത്തിയ വീണാ കപൂറിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. ”ഇത് വ്യാജ വാര്‍ത്തയാണ്. വീണാ കപൂര്‍ എന്ന പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂര്‍ ഞാനല്ല. ഞാന്‍ ഗോര്‍ഗാവിലാണ് താമസിക്കുന്നത്, വാര്‍ത്തകളില്‍ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്”-വീണാ കപൂര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
മരണ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ രാത്രിയും പകലും വരുന്ന ഫോണ്‍കോളുകള്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയില്‍ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നുവെന്നും അവര്‍ പറഞ്ഞു.
#WATCH | "If I don't file a complaint now, it will continue to happen with others. It is mental harassment…".
Actress Veena Kapoor reaches the Police station to file FIR against those who spread rumours of her murder by her own son. pic.twitter.com/AcBeSo1rwM
— ANI (@ANI) December 15, 2022
നടി വീണാ കപൂറിനെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ മകന്‍ സച്ചിന്‍ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത. ഇത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ വാര്‍ത്തയില്‍ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി വീണയുടെ ഭാഷ്യം.