ആലപ്പുഴ: എന്‍.സി.പി. വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനും ഭാര്യ ഷേര്ലിക്കുമെതിരേ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. എന്‍.സി.പി. മഹിള ജില്ലാ പ്രസിഡന്റ് ജിഷയാണ് പരാതി നല്‍കിയത്.
ഹരിപ്പാട്ട് കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എം.എല്‍.എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് ജിഷ ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ എം.എല്‍.എയുടെ ഭാര്യയും ജിഷയും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കമായി. പിന്നീട് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷം തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നു കാട്ടി ജിഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കായംകുളം ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.
തങ്ങളെ ആക്ഷേപിക്കാന്‍ യോഗത്തിലെത്തിയ ഒരു സ്ത്രീ ശ്രമിച്ചുവെന്നും ഇതിനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എയും വ്യക്തമാക്കി. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍ വനിതാ നേതാവിനെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തെന്ന പരാതിയില്‍ തോമസ് കെ. തോമസിനെ പ്രതിയാക്കി മൂന്നുമാസം മുമ്പ് ആലപ്പുഴ സൗത്ത് പോലീസും കേസെടുത്തിരുന്നു.