കാൻ ഫിലിം ഫെസ്റ്റിവലിൽ പുസ്ക്കാരം നേടിയ ‘മരണസിംഹാസനം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 23 വർഷം
സിനിമ ഓർമ്മ
1999 ഡിസംബർ 15 ന് ഒരു വിശ്വ മലയാള ചിത്രം റിലീസ് ചെയ്‌തു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു സംവിധായകന്റെ കന്നിച്ചിത്രത്തിനുള്ള മികച്ച അവാർഡ്, കാമറ ഡി ഓർ- പുരസ്ക്കാരം ലഭിച്ച ‘മരണസിംഹാസനം’. ഭരതൻ ഞാറയ്ക്കൽ രചിച്ച ഈ സിനിമയുടെ സംവിധായകൻ മുരളി നായർ.
വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് മരണശിക്ഷ വിധിക്കുന്ന ‘പുതിയ’ രീതി ആഘോഷമാക്കുന്ന ഒരു പറ്റം ആളുകളുടെയും ആഘോഷത്തിന്റെ പിന്നിലെ രാഷ്ട്രീയ നാടകങ്ങളുടെയും ആക്ഷേപഹാസ്യമാണ് മുരളി നായർ ‘മരണസിംഹാസന’ത്തിലൂടെ പറഞ്ഞത്.
ജന്മിയുടെ പുരയിടത്തിൽ നിന്നും തേങ്ങ മോഷ്ടിച്ച് നിത്യവൃത്തി കഴിക്കുന്ന കൃഷ്‌ണൻ എന്ന പാവം കർഷകൻ ഒരു ദിവസം പിടിക്കപ്പെട്ടു. ഒരു കൊലപാതകക്കുറ്റം കൂടി അയാളുടെ മേൽ ചുമത്തി അയാൾക്ക് മരണശിക്ഷ വിധിക്കുകയാണ്. വൈദ്യുതക്കസേരയിൽ മരിക്കാൻ പോകുന്ന ആദ്യ കുറ്റവാളി എന്ന വീരപരിവേഷം കൃഷ്ണന് കിട്ടുന്നു. ഇലക്ഷൻ സമയമാണ്. ഭരണകൂടം അയാളുടെ പ്രതിമ സ്ഥാപിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. അയാളുടെ ഭാര്യ ചിരുത ഇതൊക്കെ ഭാഗ്യമാണ് എന്ന് പറയുന്നു അഥവാ അവരെക്കൊണ്ട് പറയിപ്പിക്കുന്നു.
വൈപ്പിൻ, ഞാറയ്ക്കൽ പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്ങ്.
നാട്ടുകാർ തന്നെ അഭിനയിച്ചു. ചിത്രത്തിൽ ഗാനങ്ങൾ ഇല്ലായിരുന്നു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ