മലപ്പുറം: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂള്‍ വിദ്യാര്‍ഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
ഡ്രൈവര്‍ക്ക് പുറമേ ഒരു അറ്റന്‍ഡര്‍ കൂടി സ്കൂള്‍ ബസുകളില്‍ ഉണ്ടായിരിക്കണം എന്ന നിയമം ബസില്‍ പാലിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. സ്കൂള്‍ ബസിന്റെ പാര്‍ക്കിങ് ബ്രേക്കും വേഗപ്പൂട്ടും തകരാറിലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ടയര്‍ മോശം അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഫിറ്റ്നസ് റദ്ദാക്കിയത്.
അപകടസ്ഥലവും വാഹനങ്ങളും തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒ. എം.പി അബ്ദുള്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. സ്കൂളിന്റെ മറ്റു വാഹനങ്ങളും പരിശോധിച്ചു. കൃത്യമായ ഫിറ്റ്നസ് പോലും ഇല്ലാതെയാണ് ബസ് ഓടിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്യും.
സ്കൂള്‍ വാഹനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍പ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. അതിനു ശേഷവും സ്കൂള്‍ ബസുകള്‍ നിയമലംഘനം നടത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തുന്നത്.
സ്കൂള്‍ ബസില്‍നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് താനൂര്‍ നന്നമ്പ്ര എസ്.എന്‍. യു.പി. സ്കൂള്‍ വിദ്യാര്‍ഥിനി പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന് ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിര് ദിശയില്‍നിന്നു വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.