ന്യൂഡല്‍ഹി: 17 വയസുകാരിക്കു നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ പ്രതികളായ മൂന്നു യുവാക്കളും അറസ്റ്റില്‍. സച്ചിന്‍ അറോറ (20), ഹര്‍ഷിത് അഗര്‍വാള്‍ (19), വീരേന്ദര്‍ സിങ് (22) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിനി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ദ്വാരകയില്‍ ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനിക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതികളായ സച്ചിന്‍, ഹര്‍ഷിത് എന്നിവര്‍ ബൈക്കിലെത്തി വിദ്യാര്‍ഥിനിയുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നു. മൂന്നാമനായ വിരേന്ദര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സച്ചിന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണുമായി മറ്റൊരിടത്ത് നിലയുറപ്പിച്ചു. സിസി ടിവി ദൃശ്യങ്ങളുടെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു പ്രതികള്‍ പിടിയിലായത്.
പ്രതിയായ സച്ചിനും പെണ്‍കുട്ടിയും തമ്മില്‍ പരിചയമുണ്ടായിരുന്നു. സെപ്റ്റംബര്‍ മാസം ഇരുവരും തെറ്റിപ്പിരിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ സച്ചിന്‍ പദ്ധതിയിട്ടത്. പ്രതികള്‍ ഓണ്‍ലൈന്‍ വഴിയാണ് ആക്രമണത്തിനുള്ള ആസിഡ് വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ പ്രത്യേക സംഘത്തെ രൂപീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ അതിവേഗം വലയിക്കാന്‍ സഹായിച്ചത്.
എട്ടു ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും കണ്ണിനുമാണ് പൊള്ളലേറ്റത്. പൊള്ളലിന്റെ വ്യാപ്തി മനസിലാക്കാന്‍ 72 മണിക്കൂറോളം സമയം ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ അപലപിച്ചു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്തെത്തി. പച്ചക്കറി വില്‍ക്കുന്നതുപോലെയുള്ള ആസിഡ് വില്‍പ്പന തടയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനിടെ, ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന പോലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടി.