കൊച്ചി: ആശുപത്രിയിലെ ഡയാലിസിസ് മുറിയില്‍ കയറി മോഷണം നടത്തിയ ആള്‍ക്ക് രണ്ടു വര്‍ഷം തടവ്. കോട്ടയം വെടിയന്നൂര്‍ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വേലായുധനെ (അമ്പി 48) യാണ് ശിക്ഷിച്ചത്. ആശുപത്രിയില്‍ കൂടാതെ മറ്റൊരു മോഷണക്കേസും ചേര്‍ത്താണ് മൂവാറ്റുപുഴ ജൂഡീഷ്വല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ടേറ്റ് നിമിഷ അരുണ്‍ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചത്.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് രണ്ട് മോഷണ കേസുകളും. കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോണ്‍ക്രീറ്റ് ഗ്രില്‍ പൊളിച്ച് അകത്ത് കയറി ഫാന്‍, ജനറേറ്റര്‍ എന്നിവയടക്കം മോഷണം നടത്തുകയായിരുന്നു. ജനുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൂത്താട്ടുകുളം മുന്‍സിപ്പല്‍ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇന്‍ഡക്ഷന്‍ കുക്കര്‍, വയറുകള്‍ എന്നിവ മോഷ്ടിച്ചതാണ് മറ്റൊരു കേസ്. കഴിഞ്ഞ മേയിലാണ് ഇതില്‍ കേസെടുത്തത്. ഓരോ കേസിലുമായി ഒരു വര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം തടവ് അനുഭവിക്കണം.