ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍. ഒടുവിലെ സൂചനകള്‍ പ്രകാരം, 38 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 26 ഇടത്തുമാത്രമാണ് ബി.ജെ.പിക്ക് ലീഡുള്ളത്.
68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 35 ഇടത്തെ വിജയമാണ്. ഈ ലീഡ് നിലതുടരാനായാല്‍ ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയേക്കാം. ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന അവകാശവാദം ഉന്നയിച്ചെത്തിയ അത് സാധ്യമായില്ലെന്നാണ് ഈ ഘട്ടത്തില്‍ പുറത്തെത്തുന്ന വിവരം.
അതേസമയം, സംസ്ഥാനത്തെ നിലവിലെ സാഹചര്യം ബി.ജെ.പി. കരുനീക്കങ്ങള്‍ നടത്തിയെന്നാണ് സൂചനകള്‍. മുന്നിട്ട് നില്‍ക്കുന്ന വിമതരേയും ചില കോണ്‍ഗ്രസ് നേതാക്കളുമായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനെന്നോണം വിജയിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമാണ് ഹൈക്കമാന്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ താമര തടയുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാനത്ത് പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഇന്ന് തന്നെ അവര്‍ ഷിംലയിലേക്ക് എത്തിയേക്കും.
സ്ഥിരമായി ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ശൈലിയല്ല ഹിമാചല്‍ കാലങ്ങളായി തുടര്‍ന്നുവരുന്നത്. 1985 മുതലുള്ള കണക്കെടുത്താല്‍ ഒരു തവണ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചാല്‍ അടുത്തതവണ കോണ്‍ഗ്രസിനെയാണ് ഹിമാചല്‍ തെരഞ്ഞെടുത്തുകൊണ്ടിരുന്നത്.