KeralaNEWS

പി.പി.ഇ കിറ്റ് അഴിമതി: ലോകായുക്തയ്ക്ക് അന്വേഷണം തുടരാം, നോട്ടീസിന് എതിരായ ഹര്‍ജി തള്ളി

കൊച്ചി: കോവിഡ് വ്യാപനത്തിനിടെ പി.പി.ഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ് അയച്ച ലോകായുക്ത നടപടി ഹൈക്കോടതി ശരിവച്ചു. ലോകായുക്തയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോവാമെന്ന്, നോട്ടീസ് അയച്ചതിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

അഴിമതി ആരോപണ പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പി.പി.ഇ കിറ്റ് അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ദുരന്തകാലത്ത് ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു. പി.പി.ഇ കിറ്റ് വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ അറിയണം. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ലോകായുക്ത അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശൈലജയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കെകെ ശൈലജയും മരുന്നു വാങ്ങലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളും ചേര്‍ന്ന് അഴിമതി നടത്തി എന്നാണ് ആരോപണം. 450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ നായര്‍ ലോകായുക്തയ്ക്ക് നല്‍കിയ പരാതി.

 

 

 

 

Back to top button
error: