മന്ത്രി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം തുറമുഖ സമര സമിതി കണ്‍വീനര്‍ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയത് കേരളം ഇതുവരെ കേട്ടതില്‍ വച്ച് ഏറ്റവും ഹീനമായ പ്രസ്താവനയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വളരെ നിര്‍ഭാഗ്യകരമായ പരാമര്‍ശമാണ് ഫാ.തിയോഡോഷ്യസിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിനെ ലീഗ് അങ്ങേയറ്റം അപലപിക്കുന്നു. അത് കേവലം അബ്ദുര്റഹ്മാനെതിരായ പ്രസ്താവന മാത്രമായി കാണാനാകില്ല. ജാതി പറഞ്ഞുള്ള പ്രസ്താവന ഭരണഘടനാപരമായി തെറ്റാണെന്നും നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിക്കെതിരായ വൈദികന്റെ പ്രസ്താവന്ക്കെതിരെ മാന്യമായി പറയാവുന്നത് ലീഗ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം ആവശ്യമാണ്. ഏറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെയൊരു തുറമുഖം പ്രാവര്ത്തികക്കുന്നത്. അപ്പോഴാണ് സമരം ആരംഭിച്ചത്. ഇത്രയും വൈകാരികമായ കടലോരത്ത് ഇത്തരമൊരു പ്രശ്നമുണ്ടാവാനോ തുറമുഖ നിര്‍മാണ കാര്യത്തില്‍ അമാന്തം വരാനോ പാടില്ലായിരുന്നു.
വിഴിഞ്ഞം സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് യാതൊരു രാഷ്ട്രീയ മുതലെടുപ്പും ലീഗ് ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ വിവാദ പരാമര്‍ശത്തിനുള്ള എതിര് പ്രതികരണം ഒഴിവാക്കാനാണ് ഞങ്ങള്‍ നോക്കിയത്. അതിന് കഴിയുമെങ്കില്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കൊരു പുരസ്കാരം തരികയാണ് വേണ്ടത്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.