ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച കേസില്‍ ദുബൈയില്‍ പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ. മൂന്ന് ഏഷ്യക്കാര്‍ക്കാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇവരെ യു.എ.ഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപ്പാർട്ട്മെന്റിലും നൈറ്റ്ക്ലബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സി.ഐ.ഡി സംഘം പ്രതികളെ പിടികൂടാനുള്ള കെണിയൊരുക്കി.
പ്രതികൾ തങ്ങളുടെ രാജ്യത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിച്ച് നിര്‍ബന്ധിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പെടുത്തുകയായിരുന്നു. പ്രതികളെ പിടികൂടാനായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി പ്രതികളില്‍ ഒരാളെ പരിചയപ്പെട്ടു. പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ 3,000 ദിര്‍ഹം നല്‍കണമെന്നും ഇതിന് പുറമെ ഹോട്ടല്‍ മുറി വാടക ഇനത്തില്‍ 300 ദിര്‍ഹം നല്‍കണമെന്നും പ്രതികളിലൊരാള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ഇത് സമ്മതിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകരെ ഈ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനായി ദുബൈ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷം സംഭവത്തിൽ ഉള്‍പെട്ട മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
പണമിടപാട് നടത്തിയ വ്യക്തി, പെണ്‍കുട്ടിയെ അപ്പാർട്ട്മെന്റില്‍ നിന്ന് ഹോട്ടലിലേക്ക് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍, പെണ്‍കുട്ടിയെ അപ്പാർട്ട്മെന്റില്‍ തടവില്‍വച്ച ആൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.