കൊച്ചി: വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് ഹൈക്കോടതിയില്‍ പോലീസിന്റെ സത്യവാങ്മൂലം. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 26, 27 തീയതികളിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. 26ന് ്ഹൈക്കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ തുറമുഖ നിര്‍മാണത്തിന് എത്തിച്ച ലോറികള്‍ സമരക്കാര്‍ തടഞ്ഞു. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
27 ന് മൂവായിരത്തോളം പേര്‍ സംഘടിച്ച് വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്നും ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.