സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സുര്യ തന്നെയാണ് ചിത്രം 2 ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ‘ജയ് ഭീം’ നിര്‍മിച്ചത്. ‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ് നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജശേഖര്‍. ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേല്‍ പറഞ്ഞു. മലയാളി താരങ്ങളായ ലിജോമോള്‍ ജോസും രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ‘ജയ് ഭീം’ ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘സൂര്യ 42’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളര് ആര് എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ദിഷാ പതാനി നായികയാകുന്ന ‘സൂര്യ 42’ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദൻ കര്‍ക്കിയാണ്. വിവേകയും മദൻ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.