സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി
തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും.
അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.