KeralaNEWS

ക്രിസ്മസ് ബമ്പറിൽ അച്ചടി പിഴവ്; തെറ്റ് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ BR 89 ഭാഗ്യക്കുറിയുടെ വിൽപനയ്ക്കായെത്തിയ ടിക്കറ്റുകളിലെ പിൻ വശത്തെ ഡിസൈനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാന ഘടനയിൽ നാലാമത്തെ സമ്മാനത്തിൽ അവസാന അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായിട്ടാണ് ക്രിസ്മസ്-പുതുവത്സര ബംപർ പുറത്തിറക്കിയിരിക്കുന്നത്.. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും. പത്ത് പരമ്പരകളിലായാണ് ഇത്തവണ ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. നിലവിൽ ക്രിസ്മസ് ബംപർ ടിക്കറ്റിന്റെ പ്രിന്റിം​ഗ് പുരോ​ഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ അവ വിപണിയിൽ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു. ഈ വർഷത്തെ തിരുവോണം ബംപർ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്മസ് ബംപറിന്റെയും സമ്മാനത്തുക ഉയർത്തിയിരിക്കുന്നത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബംപറിൻറെ ഒന്നാം സമ്മാനം. തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു ആ കോടിപതി. പിന്നാലെ വന്ന പൂജാ ബംപർ സമ്മാനത്തുകയും ലോട്ടറി വകുപ്പ് ഉയർത്തിയിരുന്നു. 10 കോടിയായിരുന്നു ഒന്നാം സമ്മാനം. ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെങ്കിലും ഭാ​ഗ്യശാലി ഇതുവരെ രം​ഗത്തെത്തിയിട്ടില്ല. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നും രാമചന്ദ്രൻ എന്ന കച്ചവടക്കാരൻ വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടിയുടെ തിരുവോണം ബംപർ ഭാ​ഗ്യവാൻ അനൂപിന്റെ അനുഭവങ്ങൾ മുന്നിൽ ഉള്ളത് കൊണ്ട് പൂജാ ബംപർ വിജയി രം​ഗത്തെത്തില്ലെന്ന അഭിപ്രായവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Back to top button
error: