ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ വനിതയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഇന്ത്യന്‍ യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. 2018ലാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ നഴ്‌സായ രാജ്വിന്ദര്‍ സിങ്, തോയ കോര്‍ഡിങ്ലെ എന്ന ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയത്.ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) ക്വീന്‍സ്ലന്‍ഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീന്‍സ്ലന്‍ഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയില്‍ ഏറ്റവും വലിയ തുകയാണ് ഇത്.
2018 ഒക്ടോബറില്‍ കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോര്‍ഡിങ്ലെയെ രാജ്വിന്ദര്‍ കൊലപ്പെടുത്തുകയായിരുന്നു. തോയ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ഇയാള്‍ നാടുവിട്ടു.
ഒക്ടോബര്‍ 22ന് കേണ്‍സ് വിമാനത്താവളം വഴി രാജ്വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കേണ്‍സില്‍നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2021 മാര്‍ച്ചില്‍ ഇയാളെ കൈമാറണമെന്ന് ഓസ്‌ട്രേലിയ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഇയാള്‍ ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയാണ് ജോലി നോക്കിയിരുന്നത്.