KeralaNEWS

പ്രളയ ധനസഹായം നല്‍കിയില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു

കൊച്ചി: എറണാകുളം ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം മുന്‍സീഫ് കോടതി ജപ്തി ചെയ്തു. പ്രളയദുരിതബാധിതന് ധനസഹായം നല്‍കിയില്ലെന്ന പരാതിയിലാണ് ഉത്തരവ്. കടമക്കുടി സ്വദേശി സാജുവിന് രണ്ട് ലക്ഷത്തിപതിനായിരം നല്‍കാന്‍ ലോക് അദാലത്ത് ഉത്തരവിട്ടിരുന്നു.

2018ലെ പ്രളയത്തിലാണ് സാജുവിന്റെ വീടിന് നാശനഷ്ടമുണ്ടായത്. അന്ന് അടിയന്തര ധനസഹായമായി പതിനായിരം രൂപമാത്രമാണ് ലഭിച്ചത്.  ഇത് നഷ്ടപരിഹാരമായി മതിയാകില്ലെന്ന പരാതി സാജു ലോക് അദാലത്തില്‍ സമര്‍പ്പിച്ചു. ലോക് അദാലത്ത് സാജുവിന് രണ്ട് ലക്ഷത്തി പതിനായിരം രൂപ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ സാജു പലതവണ പഞ്ചായത്ത് ഓഫീസിലും ജില്ലാ കലക്ടറുടെ ഓഫീസിലും കയറി ഇറങ്ങി. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് എറണാകുളം മുന്‍സീഫ് കോടതിയെ സമീപിച്ചു. കോടതി ഇത് സംബന്ധിച്ച വിശദീകരണം ദുരന്തനിവാരണ അതോറിറ്റിയോട് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഫയല്‍ ഒപ്പിടാത്തതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതെന്നായിരുന്നു മറുപടി. ഈ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ദുരന്തനിവരാണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അത് പ്രകാരം ഇന്നലെയാണ് ഉത്തരവ് നടപ്പാക്കിയത്.

Back to top button
error: