റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. അമൂദി സുലൈമാൻ തൻദി, ഇദ്രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയൻ പൗരന്മാരായ ഇരുവരും കൊക്കൈൻ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടർന്ന് വിചാരണ പൂർത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടർ നടപടികളെല്ലാം പൂർത്തിയായതോടെ മദീനയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ ഒരു വിദേശിയുടെ വധശിക്ഷ രണ്ടാഴ്ച മുമ്പും സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ സിറിയൻ പൗരൻ അബ്ദുല്ല ശാകിർ അൽഹാജ് ഖലഫ് എന്നയാളുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇയാളുടെയും വിചാരണ പൂർത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികൾക്ക് ലഭിക്കുക.
മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ രണ്ട് പാകിസ്ഥാൻ പൗരന്മാരുടെ വധശിക്ഷയും ഈ മാസം തന്നെ നേരത്തെ സൗദി അറേബ്യ നടപ്പാക്കിയിരുന്നു. മുഹമ്മദ് ഇർഫാൻ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദിൽ നടപ്പാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഹെറോയിൻ കടത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. അതേസമയം ലഹരിക്കടത്തിന് 82 പേരെ സൗദി അതിർത്തി സുരക്ഷാ സേന കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിസാൻ, നജ്റാൻ, അസീർ, മക്ക, കിഴക്കൻ പ്രവിശ്യ, മദീന എന്നിവിടങ്ങളിലെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവർ അതിർത്തി സുരക്ഷാ സേനയുടെ പിടിയിലായത്. ഇവരിൽ 18 പേർ സ്വദേശികളും 64 പേർ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരുമാണ്. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.