ദില്ലി: ദില്ലിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. നരേലയിലെ ഒയോ ഹോട്ടലിൽ മുറിയെടുത്ത കമിതാക്കൾ വാക്കുതർക്കത്തിനിടെ കാമുകൻ കാമുകിയെ വെടിവെക്കുകയായിരുന്നു. ശേഷം ഇയാളും സ്വയം വെടിവെച്ചു. 38 കാരനും വിവാഹിതനുമായ സിതു എന്ന പ്രവീൺ ആണ് കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 39കാരിയായ ഗീതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇവർ മുറിയെടുത്തത്. ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പ്രകോപിതനായ യുവാവ് കാമുകിയുടെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൊലക്കേസിൽ പ്രതിയായ പ്രവീൺ ജാമ്യത്തിലിറങ്ങിയാണ് കാമുകിയെയും കൊലപ്പെടുത്തിയത്. സെപ്റ്റംബർ 21നാണ് ഇയാളെ മറ്റൊരു കൊലക്കേസിൽ അറസ്റ്റ് ചെയ്തത്. ഗൗരവ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഹോട്ടലിലെ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രവീണിന്റെ നിലയും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.