NEWS

സച്ചിൻ പൈലറ്റ് തിരിച്ചെത്തി ,രാഷ്ട്രതന്ത്രത്തിൽ അജയ്യനായി അശോക് ഗെഹ്ലോട്

മധ്യപ്രദേശിലെ വഴികാട്ടി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു കൊട്ടാര വിപ്ലവത്തിനിറങ്ങുമ്പോൾ സച്ചിൻ പൈലറ്റിന്റെ മനസ്സിൽ മുഴുവൻ .മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ സിന്ധ്യ കൊണ്ടു പോയി കാവിയിൽ കെട്ടിയത് ഒരു വേള സച്ചിൻ പൈലറ്റിനെയും ആവേശം കൊള്ളിച്ചിട്ടുണ്ടായിരുന്നിരിക്കണം .എന്നാൽ കൊട്ടാരവിപ്ലവത്തിനു ആയുസ്സ് വെറും ഒരു മാസം .സച്ചിൻ കീഴടങ്ങി ഗെഹ്‌ലോട്ട് ചിരിച്ചു .

രണ്ടു വർഷമായി സച്ചിൻ മുഖ്യമന്ത്രി പദത്തിന് കൊതിക്കുന്നു .യഥാർത്ഥത്തിൽ അത് അയാൾക്ക് അർഹതപ്പെട്ടതാണ് താനും .ആദ്യ തവണത്തെ സർക്കാരിനേക്കാൾ കെട്ടുറപ്പുള്ളതായിരുന്നു വസുന്ധര രാജെയുടെ രണ്ടാം ബിജെപി സർക്കാർ .ആദ്യ തവണത്തേതിനേക്കാൾ ശ്രദ്ധിച്ചായിരുന്നു രാജെയുടെ ഭരണവും .

Signature-ad

അക്കാലത്ത് അശോക് ഗെഹ്‌ലോട്ട് ഡെൽഹിയിലായിരുന്നു .രാഹുലിനും പ്രിയങ്കയ്ക്കും മാജിക് കാണിച്ചു കൊടുക്കുന്ന ,ഇന്ദിരാ ഗാന്ധി രാജസ്ഥാനിൽ നിന്ന് കണ്ടെടുത്ത ഗെഹ്‌ലോട്ട് ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നു .വിശ്വസ്തനായിരുന്നു .ഈ പദവി രാഹുലിന്റെ കളിക്കൂട്ടുകാരനായ സച്ചിനെ മറികടക്കാൻ ഗെഹ്ലോട്ടിനു ധാരാളമായിരുന്നു .യഥാർത്ഥത്തിൽ ബിജെപിയുടെ കാവിക്കോട്ടയെ ഉഴുതു മറിച്ചത് സച്ചിനായിരുന്നു .എന്നാൽ കപ്പിനും ചുണ്ടിനുമിടയിൽ സച്ചിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി .എങ്കിലും രാഹുൽ ഗാന്ധി കളിക്കൂട്ടുകാരനെ കൈവിട്ടില്ല .സച്ചിനെ ഉപമുഖ്യമന്ത്രിയാക്കി .എന്നാൽ ഏച്ചുകൂട്ടിയത് മുഴച്ചു തന്നെ ഇരുന്നു .മന്ത്രിസഭ രണ്ടു ഗ്രൂപ്പുകളായി മാറി .ഒടുവിൽ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം ഉപമുഖ്യമന്ത്രിയിലെക്ക് എത്തിയപ്പോൾ സച്ചിൻ ഇടഞ്ഞു .സച്ചിന്റെ മൊഴിയെടുക്കാൻ പോലീസ് നോട്ടീസ് നൽകി .

തന്റെ പക്ഷത്തുള്ള 18 എംഎൽഎമാരെയും കൊണ്ട് സച്ചിൻ പറന്നു .ഏതുവിധേനയും ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കും എന്ന സ്ഥിതി വരെയെത്തി .എന്നാൽ കമൽനാഥ് അല്ലായിരുന്നു അശോക് ഗെഹ്‌ലോട്ട് .മധ്യപ്രദേശ് അല്ലായിരുന്നു രാജസ്ഥാൻ .

മധ്യപ്രദേശിൽ അഞ്ചു സീറ്റായിരുന്നു കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം .എന്നാൽ രാജസ്ഥാനിൽ അത് ഇരുപത്തിയേഴായിരുന്നു .ഈ സംഖ്യയായിരുന്നു ഗെഹ്‌ലോട്ടിന്റെ ആത്മവിശ്വാസം .സചിനുംഗെഹ്‌ലോട്ടും തമ്മിലുള്ള ദൂരം ഒമ്പത് എംഎൽഎമാർ .

ഒടുവിൽ സച്ചിന് മനസിലായി കളി പിഴക്കുന്നുവെന്ന് .മഹാരാഷ്ട്രയുടെ നാണക്കേടിൽ കഴിയുന്ന ബിജെപിയാകട്ടെ കൈമെയ് മറന്നുള്ള കളിക്ക് തയ്യാറായതുമില്ല .ബിജെപിയിലേക്കില്ലെന്നു സച്ചിൻ പ്രഖ്യാപിക്കുക കൂടി ചെയ്തപ്പോൾ ഗെഹ്ലോട്ടിന്റെ മുഖത്തായി പുഞ്ചിരി .പക്ഷെ ആ പ്രഖ്യാപനമായിരിക്കാം കളി കൈവിട്ട സച്ചിനെ കൂടെക്കൂട്ടാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചതും .

കോടതിയിലും സച്ചിൻ ഒരു കൈ നോക്കിയിരുന്നു .എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ കോടതിയിലും കാര്യങ്ങൾ നടന്നില്ല .ഒരുവേള സച്ചിനടക്കമുള്ള എംഎൽഎമാർ അയോഗ്യതയിൽ കുടുങ്ങുമോ എന്ന ഭയം സച്ചിൻ ക്യാമ്പിനുണ്ടായി .അങ്ങിനെ യുദ്ധക്കളത്തിൽ സച്ചിൻ പരാജയം സമ്മതിച്ചു .

ബിജെപിയിൽ നിന്ന് പിന്തുണ ലഭിക്കാത്തതാണ് സച്ചിനെ മറ്റൊരു സിന്ധ്യ ആക്കാതിരുന്നത് .അതിനു കാരണം വസുന്ധര രാജെ തന്നെയായിരുന്നു .മോദിയുമായും ഷായുമായും രാജെ അത്ര നല്ല ബന്ധത്തിൽ അല്ല .സച്ചിനെ ആനയിച്ചു കൊണ്ട് വരുന്നത് തന്റെ സിംഹാസനത്തിലേക്കാണ് എന്ന ബോധ്യവും രാജേക്കുണ്ടായി .ഒരുവേള വിശ്വാസ വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ രാജെ അനുകൂലികൾ ഗെഹ്ലോട്ടിനു വോട്ടു ചെയ്യുമോ എന്ന് ബിജെപിയും ഭയന്ന് പോയി .

നിരായുധനായ സച്ചിൻ രാഹുലിനെയാണ് ആശ്രയിക്കുന്നത് .പരിണിതപ്രജ്ഞനായ ഗെഹ്‌ലോട്ടിനെ വീഴ്ത്താൻ തല്ക്കാലം സച്ചിന് കരുത്തോ തന്ത്രങ്ങളോ ഇല്ല .സച്ചിനടക്കം എല്ലാവർക്കും സ്ഥാനമാനങ്ങൾ എല്ലാം നഷ്ടമായിരിക്കുകയാണ് .കൂടെയുള്ളവർക്ക് സ്ഥാനമാനങ്ങൾ തിരിച്ചു കൊടുത്തില്ലെങ്കിൽ അവർ ഗെഹ്‌ലോട്ട് പക്ഷത്തെക്ക് പോകുമെന്ന് സച്ചിനുറപ്പാണ് .അതുണ്ടാകാതിരിക്കണമെങ്കിൽ രാഹുൽ തന്നെ കനിയണം .

Back to top button
error: