KeralaNEWS

വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് വാഹനത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം

തിരുവനന്തപുരം: വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുൻപ് വാഹനത്തിന്റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി ആര്‍.ടി.ഒക്കോ ജോയന്റ് ആര്‍.ടി.ഒക്കോ നല്‍കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.

സംസ്ഥാനത്തെ ഏത് ആര്‍.ടി.ഒ ഓഫിസിലും വിശദാംശങ്ങള്‍ സമര്‍പ്പിക്കാം. ഇതനുസരിച്ച്‌ വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയന്റ് ആര്‍.ടി.ഒ മുമ്ബാകെ പരിശോധിപ്പിച്ചിരിക്കണം. നിശ്ചിത മാതൃകയിലുള്ള ഫോമില്‍ തയാറാക്കിയ വാഹന പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വാഹന ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കും.

Signature-ad

ഈ റിപ്പോര്‍ട്ട് യാത്രയിലുടനീളം ഡ്രൈവര്‍ സൂക്ഷിക്കുകയും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനക്ക് ഹാജരാക്കുകയും വേണം.വാഹന പരിശോധന റിപ്പോര്‍ട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഗതാഗത കമീഷണര്‍ പുറപ്പെടുവിച്ച പുതുക്കിയ നിർദ്ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം വാഹന പരിശോധനയുടെ പേരില്‍ വാഹന ഉടമക്കോ ഡ്രൈവര്‍ക്കോ അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കരുതെന്നും ഗതാഗത കമീഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: