NEWS

കിടക്കയില്‍ നിന്ന് കാക്കിയുടെ കൈപിടിച്ച് ജസീല പുരസ്കാര വേദിയില്‍

സേവനകാലത്ത് ഉടനീളം ജോലിയോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനുമായി 2019 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായ പോലീസുദ്യോഗസ്ഥയാണ് വയനാട് സ്വദേശിയായ ജസീല.കെ.റ്റി. എന്നാല്‍ 2019 മാര്‍ച്ചിൽ ബസപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആറുമാസത്തോളം കാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്ന ജസീലയ്ക്ക് കഴിഞ്ഞവര്‍ഷം പുരസ്കാരം കൈപ്പറ്റാന്‍ കഴിഞ്ഞില്ല.

കളളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിയ്ക്കും മറ്റനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് അനേകം അനുമോദനപത്രങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിന്‍റെ മനോവിഷമത്തിലായിരുന്നു അവര്‍. പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവിയിൽനിന്ന് നേരിട്ട് മെഡല്‍ കൈപ്പറ്റാനുളള തന്‍റെ ആഗ്രഹം വ്യക്തമാക്കി ഡി.ജിപിയ്ക്ക് കത്തെഴുതിയത് വഴിത്തിരിവായി. ഒരു വര്‍ഷം മുമ്പുവരെ വയനാട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന സമര്‍ത്ഥയായ ഈ ഉദ്യോഗസ്ഥയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പോലീസ് മേധാവി കൂടെനിന്നതോടെ ഇന്നലെ പോലീസ് ആസ്ഥാനത്തു നടന്ന പുരസ്കാര വിതരണ ചടങ്ങിലേയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തി ജസീല മെഡല്‍ സ്വീകരിച്ചു.

Signature-ad

ബുള്ളറ്റുള്‍പ്പെടെയുളള പോലീസ് വാഹനങ്ങള്‍ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം ചില വനിതാ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കല്‍പ്പറ്റ വനിതാസെല്ലിലെ ഉദ്യോഗസ്ഥയായ ജസീല. അപകടത്തിനുശേഷം വന്ന അര്‍ബുദബാധയ്ക്ക് കൂടി ചികില്‍സയില്‍ കഴിയുന്ന ഏറെ ആരോഗ്യപ്രശ്നങ്ങളുളള ജസീല അതൊന്നും കാര്യമാക്കാതെ വാക്കറിന്‍റെ സഹായത്തോടെയാണ് സ്വന്തം ആഗ്രഹം സാധിക്കാനായി പോലീസ് ആസ്ഥാനത്തെത്തിയത്. തന്‍റെ ആഗ്രഹത്തിന് കൈപിടിച്ച് കൂടെനിന്ന കോഴിക്കോട് റൂറൽ കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കൂടിയായ ഭര്‍ത്താവ് കെ.പി. അഭിലാഷിനും തന്‍റെ അപേക്ഷ ദയാപൂര്‍വ്വം കൈകാര്യം ചെയ്ത് സഹോദരിയെപ്പോലെ കൂടെനിന്ന സംസ്ഥാന പോലീസ് മേധാവിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് സനൂജയ്ക്കുമായി തന്‍റെ ഈ മെഡല്‍ സമര്‍പ്പിക്കുന്നതായി ജസീല പറഞ്ഞു.

 

Back to top button
error: