നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഗോസിപ്പുകള്‍ക്കുളള പരിഹാരം: റിമി ടോമി
ഗായികയായും അവതാരികയായും നായികയായും തിളങ്ങിയ താരമാണ് റിമി ടോമി. ലാല്‍ജോസിന്റെ മീശമാധവന്‍ എന്ന സിനിമയിലൂടെയാണ് റിമി പിന്നണി ഗാനരംഗത്ത് എത്തിയത്. പിന്നീട് അഭിനയത്തിന്റെയും അവതരണത്തിന്റെയും വഴിയിലേക്ക് നീങ്ങിയതോടെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാന്‍ ഈ താരത്തിന് കഴിഞ്ഞു എന്നതില്‍ അത്ഭുതമില്ല.
ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ഇപ്പോഴിതാ ഗോസിപ്പുവാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് റിമി ടോമി. ഗോസിപ്പുകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുമെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്ന് റിമി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരണം, നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുളള പരിഹാരമെന്നും റിമി പറയുന്നു.
2008ല്‍ ആയിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുളള വിവാഹം. പിന്നീട് 2019 ല്‍ ഇരുവരും വിവാഹമോചിതരായി. എന്നാല്‍ ഈ വിവാഹമോചനം ആരുടേയും കുറ്റമല്ലെന്നും എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും റിമി പറയുന്നു. തത്കാലം മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. റിമി പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്താണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പിന്നീട് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. പാചകങ്ങളും ,വര്‍ക്കൗട്ടുകളും പങ്കുവെച്ച വീഡിയോകള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ മേക്കോവറാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് ചുളളത്തി ലുക്കിലാണ് താരമിപ്പോള്‍. നടി ഭാവനയാണ് തന്നെ വണ്ണം കുറയ്ക്കാന്‍ പ്രചോദനമാകുന്നതെന്നും റിമി പറഞ്ഞിരുന്നു.
അതേസമയം, താരം പാടി അഭിനയിച്ച ഏറ്റവും പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. റിമിക്കൊപ്പം പ്രദീഷ് ജേക്കബ് എന്ന യുവതാരവും അഭിനയിക്കുന്നുണ്ട്. സുജൂദല്ലേ എന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കെ.ബി ഹരിനാരായണന്റെ വരികള്‍ക്ക് റോണി നൗഫലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷാരോണ്‍ കെ വിപിനാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.