കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും ‘മലദ്വാരത്തിലെ’ സ്വർണ്ണവേട്ട.ഒരു കിലോയിലധികം സ്വർണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മേല്മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്.
1.006 കിലോഗ്രാം സ്വര്ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ്ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്ണ്ണത്തിന് അഭ്യന്തര വിപണിയില് 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.
ജിദ്ദയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 398) ഇയാൾ കാലികറ്റ് എയര്പോര്ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്പോര്ട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീൻ തന്നെ കൊണ്ട് പോവാൻ വന്ന സുഹൃത്തിനോടൊപ്പം കാറിലൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയിൽ വയറിനകത്ത് സ്വര്ണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള് കണ്ടെത്തുകയായിരുന്നു.
മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.