LIFESocial Media

സോഷ്യല്‍ മീഡിയയില്‍ വൈറലായി ശക്തമായ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍

തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിന്ന് കേരളം. പ്രളയം തന്നെയാണ് ഇതില്‍ ഏറ്റവും ഭീഷണി മുഴക്കുന്നത്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ നാം നേരിട്ടത് കടുത്ത പ്രളയം തന്നെയാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഇത്തരത്തില്‍ പ്രളയവും കാറ്റുമെല്ലാം പതിവാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരുമ്പോള്‍ അത് ചെറുതല്ലാത്ത ആശങ്കകളാണ് നമ്മളിലുണ്ടാക്കുന്നത്. ഇപ്പോള്‍ മഴ കനത്തുപെയ്യുമ്പോള്‍ വരെ ഭയം തോന്നുന്ന സാഹചര്യം നമുക്കിടയിലുണ്ടെന്ന് പറഞ്ഞാല്‍ പോലും അതില്‍ തെറ്റില്ല.

Signature-ad

സംസ്ഥാനത്തിന് പുറത്തും,അല്ലെങ്കില്‍ രാജ്യത്തിന് പുറത്തും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള്‍ നടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് ചുഴലിക്കാറ്റ്. നേരത്തേ അമേരിക്കയില്‍ വലിയ തോതിലുള്ള നാശമാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ചത്. ഇപ്പോഴിതാ അമേരിക്കയിലെ തന്നെ ടെക്സാസിലുണ്ടായ ചുഴലിക്കാറ്റിന്‍റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളുമെല്ലാം വെള്ളിയാഴ്ചയുണ്ടായ ഈ ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. ഇതിന്‍റെ വിദൂര ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചുഴിയായി കാറ്റ് തിരിഞ്ഞുകൊണ്ട് അതിന്‍റെ ദിശയില്‍ എല്ലാത്തിനെയും തകര്‍ത്തെറിഞ്ഞ് മുന്നേറുന്നതാണ് വീഡിയോകളില്‍ കാണാനാകുന്നത്. പലരും തങ്ങളുടെ പട്ടണത്തില്‍ ചുഴലിക്കാറ്റ് വിതച്ച നാശത്തെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. വീടുകള്‍ തകര്‍ന്നവര്‍ വിലപ്പെട്ടതെല്ലാം എടുത്ത് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ടതിനെ കുറിച്ചും ഇനി ഇത്തരത്തില്‍ നഷ്ടം പറ്റിയവര്‍ ഭാവിയില്‍ അഭിമുഖീകരിക്കേണ്ട മറ്റ് പ്രശ്നങ്ങളെ കുറിച്ചുമെല്ലം ആളുകള്‍ ദുഖത്തോടെ കുറിച്ചിരിക്കുന്നു.

ടെക്സാസിലുണ്ടായ ചുഴലിക്കാറ്റില്‍ പെട്ട് ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ലഹോമയിലും ലൂസിയാനയിലും പതിനായിരക്കണക്കിന് പേര്‍ വൈദ്യുതിയില്ലാതെ കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചുഴലിക്കാറ്റ് ഗതാഗതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഫ്ളൈറ്റുകളും പലതും റദ്ദാക്കുകയും മുടക്കം നേരിടുകയും ചെയ്തു.

Back to top button
error: