സെപ്റ്റംബർ 30ന് കാന്താരയുടെ കന്നഡ ഒറിജിനൽ പതിപ്പ് പുറത്തിറക്കുമ്പോൾ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പോലും വിചാരിച്ചുകാണില്ല ഇത് ഇത്ര വലിയ വിജയം ആവുമെന്ന്. അതേസമയം പാൻ ഇന്ത്യൻ ജനപ്രീതി ലഭിച്ച കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹൊംബാളെ കാന്താരയുടെ കന്നഡ പതിപ്പ് സ്ക്രീൻ കൗണ്ട് കുറവെങ്കിലും ഇന്ത്യ മുഴുവൻ റിലീസ് ചെയ്‍തിരുന്നു. കർണാടകത്തിൽ ചിത്രം വമ്പൻ വിജയം ആയതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ പ്രേക്ഷകശ്രദ്ധയും നേടി.
ഇതിനു പിന്നാലെയാണ് മലയാളം ഉൾപ്പെടെയുള്ള മൊഴിമാറ്റ പതിപ്പുകൾ അതത് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ആ മൊഴിമാറ്റ പതിപ്പുകൾ ഒക്കെയും മികച്ച സാമ്പത്തിക വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് നേടുന്ന കളക്ഷൻ ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിട്ടുണ്ട്. റിലീസിൻറെ 21-ാം ദിനം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഹിന്ദി പതിപ്പ് ബോക്സ് ഓഫീസ് പടയോട്ടം അവിടംകൊണ്ടും നിർത്തുന്നില്ല.
#Kantara *#Hindi version* is a one-horse race… Biz on [fourth] Sat indicates it has the stamina to hit ₹ 75 cr and *perhaps* ₹ 💯 cr… [Week 4] Fri 2.10 cr, Sat 4.15 cr. Total: ₹ 57.90 cr. #India biz. Nett BOC. pic.twitter.com/Q9QzTaalh1
— taran adarsh (@taran_adarsh) November 6, 2022
പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിൻറെ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 57.90 കോടിയാണ്. ഈ വാരാന്ത്യത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. വെള്ളിയാഴ്ച 2.10 കോടി നേടിയ ചിത്രം ശനിയാഴ്ച 4.15 കോടിയും നേടി. 75 കോടിയോ 100 കോടി തന്നെയോ നേടാനുള്ള സാധ്യതയാണ് തരൺ ഉൾപ്പെടെയുള്ള ട്രേഡ് അനലിസ്റ്റുകൾ കാന്താര ഹിന്ദി പതിപ്പിന് നൽകുന്നത്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. അർവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിൻറെ മലയാളം പതിപ്പ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.