തിരുവനന്തപുരം: താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചെന്ന ആരോപണത്തില്‍, മേയര്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടിക്ക് വിശദീകരണം നല്കി. കത്ത് താന്‍ തയാറാക്കിയതല്ലെന്നും പുറത്തുവന്ന കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും പാര്‍ട്ടിയെ അറിയിച്ചു.
ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സി.പി.എം ഓഫീസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജോലിക്കുള്ള ‘നൗക്രി.കോം’ ആയി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഓഫിസുകളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥന് പറഞ്ഞു. മേയറുടെ വിശദീകരണം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ബി.ജെ.പി പ്രതികരിച്ചു. മറ്റാരെങ്കിലും കത്ത് തയാറാക്കിയെങ്കില്‍ ഭരണം കുത്തഴിഞ്ഞതിന് തെളിവാണ്. ഒരാളെ മുന്നിലിരുത്തി മറ്റു ചിലര്‍ ഭരിക്കുന്നുണ്ടാവുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.