കൊല്ലം: ചടയമംഗലം മന്ത്രവാദ കേസ് പ്രത്യേകസംഘം അന്വേഷിക്കും. കേസില്‍ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങള്‍ക്കു പിന്നാലെയാണ്
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. മന്ത്രവാദത്തിന്റെ മറവില്‍ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നപൂജ ചെയ്തായും പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക രണ്ട് സംഘങ്ങള്‍ക്ക് അന്വേഷണ ചുമതല കൈമാറിരിക്കുന്നത്.
പ്രതികള്‍ സംസ്ഥാനം വിട്ടില്ലെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ അന്വേഷണം.
അബ്ദുല്‍ ജബ്ബാറെന്ന മന്ത്രവാദിയുടെ നേതൃത്വത്തില്‍ നഗ്നപൂജയടക്കം നടക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിന് മുമ്പില്‍ എത്തി. മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും സംഘവും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ നഗ്‌നപൂജ നടത്താന്‍ ഭര്‍തൃവീട്ടുകാര്‍ അബ്ദുള്‍ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്നാണ് യുവതി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അറസ്റ്റ് ചെയ്തു.
മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും വീട്ടുകാരും അബ്ദുള്‍ ജബ്ബാറിന്റെ മുന്നില്‍ എത്തിച്ചത്. നഗ്‌നപൂജ നടത്താന്‍ അബ്ദുള്‍ ജബ്ബാര്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെണ്‍കുട്ടികളെയും ഇരയാക്കിയെന്നും യുവതി പറയുന്നു.